ന്യൂഡൽഹി: അരി അഴിമതി ആരോപണത്തെച്ചൊല്ലി ഡൽഹി നിയമസഭയിൽ നാടകീയ രംഗങ്ങൾ. ആരോപണത്തിൽ പ്രതിഷേധിച്ച് അരിച്ചാക്കുകളുമായി സഭയിലെത്തിയ ആം ആദ്മി പാർട്ടി എംഎൽഎമാർ സഭാ നടപടികൾക്കിടെ അരി വലിച്ചെറിഞ്ഞു.
സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സ്പീക്കർ അരിവലിച്ചെറിഞ്ഞ എഎപി എംഎൽഎമാരായ അജയ് ദത്തിനെയും വീരേന്ദർ സിംഗ് കാഡ്യനെയും പുറത്താക്കി. അരി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
ദരിദ്രർക്കും അർഹരായവർക്കുമായി സബ്സിഡി നിരക്കിൽ നൽകേണ്ട അരിയുമായി ബന്ധപ്പെട്ട ഇടപാടിൽ ക്രമക്കേട് നടന്നെന്നാണ് എഎപിയുടെ ആരോപണം. സബ്സിഡി അരി സ്വകാര്യ കമ്പനിക്ക് ഉയർന്ന വിലയ്ക്ക് വിൽക്കാൻ തീരുമാനിച്ചത് വൻ അഴിമതിയാണെന്നും പ്രതിപക്ഷ എംഎൽഎമാർ പറഞ്ഞു.
ആസാമിലെ ഒരു കോർപ്പറേഷന്റെ നിവേദനം വഴി 22,000 കോടി രൂപയുടെ തട്ടിപ്പിനാണ് കളമൊരുങ്ങിയതെന്നും മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നും എഎപി വ്യക്തമാക്കി. അതേസമയം എഎപി എംഎൽഎമാർ സഭയോട് അനാദരവ് കാട്ടിയെന്നും വിഷയം പ്രിവിലേജസ് കമ്മിറ്റിക്ക് വിടുമെന്നും ഭരണപക്ഷം വ്യക്തമാക്കി.
എഎപിയുടെ ആരോപണങ്ങൾ മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പൂർണമായും തള്ളി. ഡൽഹി സർക്കാർ അരി വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. ഒരു നിവേദനം ചട്ടപ്രകാരം പരിശോധിക്കാൻ ശിപാർശ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എഎപി നാടകം കളിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസ് നൽകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.